|
| ലയണ്‍ കിങ് | |
പാലക്കാട് പെരിങ്ങോട് സ്വദേശിയായ രാജ്‌നായര്‍ യുവനിരയിലെ പ്രശസ്തനായ കഥാകാരനാണ്. ഇപ്പോള്‍ ദുബായില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന രാജ്നായര്‍ സൈബര്‍ സാഹിത്യരംഗത്ത് നൂതനമായ ശൈലിയില്‍ രചനകള്‍ നടത്തുന്നു.
മഴപെയ്ത് തളിരണിഞ്ഞു നില്‍ക്കുന്ന ഭൂമിയില്‍ സൂര്യന്‍റെ ആദ്യകിരണങ്ങള്‍ വീഴൂന്നതായിരുന്നു ഓര്‍മ്മയില്‍ അവിടത്തെക്കുറിച്ച് ഓടിയെത്തുന്ന ആദ്യ ചിത്രങ്ങള്‍. ചുറ്റും പച്ചപ്പായിരുന്നു, മഴയുടെ സംഗീതമായിരുന്നു അവനെ ഉറക്കിയിരുന്നത്, കോരിച്ചൊരിയുന്ന മഴ പുറത്ത് നാദവിസ്മയങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ വീടിനകത്തേക്ക് തണുപ്പ് അരിച്ചിറങ്ങുകയാവും. അമ്മയുടെ അരുകിലേക്ക് കൂടുതല്‍ ചേര്‍ന്നു കിടക്കുമായിരുന്നു അപ്പോള്‍.
ഉറങ്ങാതെ പുറത്തെ ഇരുട്ടിലേക്ക് നോക്കി കിടക്കുമായിരുന്നു, മഴ അപ്പോഴും നിര്‍ത്താതെ പെയ്യുകയാവും. ഇടയ്ക്ക് ഇരുളിനെ കീറിമുറിച്ചുകൊണ്ട് ആകാശത്തുനിന്ന് ഇടിമിന്നലുകള്‍ കടന്നു വന്നിരുന്നു. ആദ്യമൊക്കെ ഭയമായിരുന്നു, ഏതാനും നിമിഷങ്ങള്‍ ഭൂമി നിലാവിലെന്നപോലെ ശോഭിച്ചു നില്‍ക്കും. പിന്നെ കാത്തിരിക്കുവാന്‍ തുടങ്ങി, ഇടിമിന്നലില്‍ ദൂരെ പാറക്കെട്ടുകള്‍ക്കും നീര്‍ക്കുഴികള്‍ക്കും അരുകിലുള്ള ഞാവല്‍ മരങ്ങള്‍ കാണുകയായിരുന്നു വലിയ കാര്യം. അറിയാതെ ഉറക്കത്തിന്‍റെ താഴ്വരയിലേക്ക് വീഴുമ്പോള്‍ അകലെ ഒരുമാത്ര തെളിഞ്ഞു കാണുന്ന വൃക്ഷത്തലപ്പുകളും അതിനുമപ്പുറം അവ്യക്തമായിക്കാണുന്ന മലനിരകളുമാവും കണ്ണില്‍ അവസാനം പതിഞ്ഞ ദൃശ്യങ്ങള്‍.
പാറക്കെട്ടുകളില്‍ ചിതറിത്തെറിക്കുന്ന മഴയുടെ നാദമാണ് ഏറ്റവും പ്രിയമുള്ളത്. രാത്രിയില്‍ പെയ്യുന്ന മഴ, അമ്മയുടെ സാമീപ്യം പകരുന്ന ഇളം ചൂട്, ഒരു പുലരിക്ക് അച്ഛന്‍, അവന്‍റേതെന്ന മുഖവുരയോടെ കാണിച്ചു തന്ന സൂര്യന്‍ അതിരുകള്‍ നിശ്ചയിക്കുന്ന അവന്‍റെ സാമ്രാജ്യം...
പ്രിയമുള്ള പലതും അവന്‍ മറന്നിരുന്നു. ഇന്നവന്‍ സ്വന്തം ഭൂതകാലത്തെ സ്മൃതിയില്‍ നിന്നകറ്റി ജീവിതത്തില്‍ നിന്ന് ഒളിച്ചോടിയവനാണ്. അകലെ, ഒരുപാടകലെ ആകാശത്ത് തിളങ്ങി നില്‍ക്കുന്ന നക്ഷത്രങ്ങളിലൊരാള്‍ അവന്‍റെ അച്ഛനാണ്. ആ നക്ഷത്രശോഭ അവന്‍റെ പ്രിയപ്പെട്ട അച്ഛന്‍റേതാണ്. കാതങ്ങള്‍ക്കപ്പുറം നിത്യതയിലെന്നപോലെ വിളങ്ങി നില്‍ക്കുന്ന താരങ്ങളെ നോക്കി അച്ഛന്‍ പറഞ്ഞു തന്നെ പിതാമഹരുടെ കഥ, വിസ്മയം പൂണ്ട മിഴികളോടെ കേട്ടിരുന്ന കാലം ഒരുപാടകലെയെന്ന് തോന്നിപ്പിക്കുന്നു.
അവനു വേണ്ടിയാണ്, അച്ഛന്‍... വയ്യ, ഓര്‍ക്കുവാന്‍ കൂടി വയ്യ! ദുഃഖം ശരീരത്തിന്‍റെ ഓരോ അണുവിലും കാരമുള്ളുകളായി ആഴ്ന്നിറങ്ങുന്നതു പോലെ, കണ്ണുകളില്‍ നിന്ന് വെളിച്ചം ഓടിയൊളിക്കുന്നതു പോലെ.
സപ്തര്‍ഷികള്‍ പ്രഭചൊരിയുന്ന ആകാശഗംഗയില്‍ അവന്‍റെ അച്ഛനും അവനെ നോക്കി പുഞ്ചിരിക്കുന്നുണ്ടാവണം. മെല്ലെ ഒഴുകിയണയുന്ന കാറ്റിന് അച്ഛന്‍റെ സുഗന്ധമുണ്ടോ? പുഴയുടെ മര്‍മ്മരം അച്ഛനു വേണ്ടി സംസാരിക്കുന്നുണ്ടോ?
തനിക്കു ചുറ്റുമുള്ള ലോകത്തിലെല്ലാം അച്ഛന്‍ നിറഞ്ഞു നില്‍ക്കുന്നതു പോലെ, കാറ്റില്‍, നിലാവില്‍, നദിയുടെ ഓളങ്ങളില്‍, കാറ്റത്ത് തലയാട്ടിക്കളിക്കുന്ന പുല്‍മേടുകളില്‍.. വിണ്ണില്‍ മന്ദഹസിക്കുന്ന താരകങ്ങളില്‍... എല്ലായിടത്തും... ഇവിടെ എല്ലായിടത്തും അച്ഛനുള്ളതു പോലെ.
നിമിഷങ്ങളോളം പ്രകൃതിയുടെ മായക്കാഴ്ച്ചയില്‍ മനസ്സുഴറി നിലവിട്ടു നിന്നു, പുല്‍മേടുകളുടെ നനവേറി വന്ന കാറ്റ് പൊടിയുവാന്‍ തുടങ്ങിയ കണ്ണുനീരൊപ്പിക്കൊണ്ട് ആശ്വാസത്തിന്‍റെ മൃദുലതയുമായി കുറച്ചുനേരം അരുകില്‍ വന്നുനിന്നു. ഒടുവില്‍ കാറ്റകന്നപ്പോള്‍, അപ്പോഴും അവനില്‍ നിന്നകലാതെ നില്‍ക്കുന്ന സ്വന്തം പിതാവിന്‍റെ ശ്വാസത്തെ നെഞ്ചോടുചേര്‍ത്തവന്‍ സ്വയം ആജ്ഞാപിച്ചു:
തിരികെ പോവണം!
അകലങ്ങളിലിരുന്നു വാത്സല്യം ചൊരിയുന്ന അച്ഛന്‍റെ പ്രിയ മകനാണവന്‍. അവനു തിരികെ പോയേതീരൂ, നഷ്ടപ്പെട്ട സാമ്രാജ്യം വീണ്ടെടുക്കണം. അവന്‍ പ്രൈഡ്ലാന്‍ഡിലെ ധീരനായ രാജാവ്, മുഫസയുടെ മകനാണ്. അവന്‍ മുഫസയുടെ പ്രിയപുത്രനായ സിംബയാണ്, അവനു തിരികെ പോയേതീരൂ.
മുകളില്‍ ആകാശം കറുക്കുമ്പോള്‍ അവന്‍ യാത്ര തുടങ്ങിയിരുന്നു. കരുത്തനായ മുഫസരാജാവിന്‍റെ പുത്രന്‍, അവന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വന്യതയുടെ ഒരു പുതിയ ലോകത്തേക്ക് കാറ്റിന്‍റെ കരുത്തോടെ ഓടിയകലുന്നതും നോക്കിയിരുന്ന വയസ്സന്‍ റഫീക്കി അപ്പോള്‍ മെല്ലെ ചിരിച്ചു.
| | (ഉറവിടം - വെബ്‌ദുനിയ) |
|
| |
| | | |
|
|
|
|
|
| വാര്‍ത്ത - സ്തനാര്‍ബുദത്തിന് കാരണമായ അഞ്ച് ജീനുകളെ കൂടി തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്... |
| |
|
|
|
|
 | | PR |
| | |
| |
|
|
|
|
|
|
|
|
|
|
|